ടെക്സസ്: ഹൂസ്റ്റണിലെ ബെയ്ലര് കോളജ് ഓഫ് മെഡിസിനില്‍ പോസ്റ്റ് ഡോക്ടറല്‍ അസോസിയേറ്റും മലയാളിയുമായ ഡോ. ജലധര ശോഭനന് നാനോ ടെക്നോളജിയില്‍ ആഗോള അംഗീകാരം.
കാന്‍സറിനു കാരണമായേക്കാവുന്ന കോശങ്ങളെ നശിപ്പിക്കുന്നതിനായി ഫോട്ടോ സെന്സിറ്റൈസറും അള്‍ട്രാസെന്‍സിറ്റീവ് ഓക്സിജന്‍ സെന്‍സറുമായി സംയോജിപ്പിക്കുന്ന നാനോ ഉപകരണം വികസിപ്പിച്ചെടുത്തതിനാണ് ഡോ.ജലധരക്ക് ആഗോള അംഗീകാരം ലഭിച്ചത്.
കാന്‍സര്‍ ചികിത്സയിലെ പ്രധാന വെല്ലുവിളിയായ കാന്‍സര്‍ കോശങ്ങളുടെ സമയബന്ധിതമായ തിരിച്ചറിയലിന് ഒരു മില്ലിലിറ്റര്‍ രക്തത്തില്‍ 110 സര്‍ക്കുലേറ്റിംഗ് ട്യൂമര്‍ സെല്ലുകള്‍ വരെ കണ്ടെത്താന്‍ കഴിവുള്ള ലിക്വിഡ് ബയോപ്സി പ്ലാറ്റ്ഫോം ഡോ. ജലധര വികസിപ്പിച്ചിട്ടുണ്ട്.
ഈ കണ്ടുപിടുത്തത്തിന് ജാപ്പനീസ് ഫോട്ടോകെമിസ്ട്രി അസോസിയേഷന്റെ ജെപിപിഎ രസതന്ത്ര അവതരണ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 260 ഗവേഷകരില്‍ നിന്നാണ് ഡോ. ജലധാര ശോഭനനെ ഈ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
നാനോടെക്നോളജി രംഗത്തെ സുരക്ഷയ്ക്കും പാരിസ്ഥിതിക നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള സംഭാവനകളും ഡോ. ജലധാര നല്‍കിയിട്ടുണ്ട്. കേശവദാസപുരം കൊല്ലവിള സ്വദേശിനിയായ ഡോ.ജലധര പട്ടം കേന്ദ്രീയ വിദ്യാലയയില്‍ ആയിരുന്നു സ്കൂള്‍ വിദ്യാഭ്യാസം പുര്‍ത്തിയാക്കിയത്.
വിമന്‍സ് കോളജില്‍ നിന്നും ബിരുദവും എംജി യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്ദര ബിരുദവും നേടി. റിട്ടയേര്‍ഡ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ശോഭനന്റെയും ബീനയുടെയും മകളാണ് ജലധര.